CAREER AND EDUCATION

The first malayalam online portal to get you the information, advice, rules and regulation in Gulf countries

മികവുണ്ടെങ്കിൽ മാഫീ മുശ്കിൽ

  • യു.എ.ഇ മാറുന്നു, മാറണം നമ്മളും - ഭാഗം 5

Click Reporter
07:34AM
04/10/2017

ഭാഗം 1 - യു.എ.ഇ മാറുന്നു, മാറണം നമ്മളും
ഭാഗം 2 - സ്മാർട്ട് ആയില്ലെങ്കിൽ ടൈപ്പിങ് സെൻററുകൾക്ക് അക്ഷരം തെറ്റും
ഭാഗം 3 - ദേര മാർക്കറ്റിലെ പട്ടിണിപ്പൂച്ചകളും പഞ്ചനക്ഷത്ര മീൻമാർക്കറ്റും
ഭാഗം 4 - ഹൈപ്പർ ലൂപ്പിലിരുന്ന്​ സെൽഫിയെടുക്കാനൊരുങ്ങുമ്പോൾ

-------------------------------------

ഇന്ന് വൈകീട്ട് ദുബൈ അൽബർഷയിലെ ജെംസ് ഒൗവർ ഒാൺ സ്കൂളിൽ ഒരു ചടങ്ങു നടക്കുന്നുണ്ട്^മറിയാമ്മ വർക്കി അധ്യാപക അവാർഡ് വിതരണം. മലയാളിയായ ഇൗ വിദ്യാഭ്യാസ പ്രവർത്തക നടത്തിയ പ്രയത്നങ്ങൾ ആധുനിക യു.എ.ഇയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിെൻറ ചരിത്ര പുസ്തകത്തിലെ ആദ്യ അധ്യായങ്ങളിൽ പെടുന്നതാണ്.  ബ്രിട്ടീഷ് ബാങ്കിൽ ജോലി ചെയ്തിരുന്ന കെ.എസ്. വർക്കിയും മറിയാമ്മയും ഇംഗ്ലീഷ് പഠിപ്പിച്ച ചെറുപ്പക്കാർ പിന്നീട് രാഷ്ട്രത്തിെൻറ മുൻനിര നായകരായിത്തീർന്നു. ദമ്പതികൾ 1968ൽ ഒൗവർ ഒാൺ സ്കൂൾ ആരംഭിച്ചപ്പോൾ 27 കുട്ടികൾ മാത്രമാണ് ചേരാനെത്തിയത്. പൊരിവെയിലത്ത് വീടുകളിൽ ചെന്ന്  വിദ്യാഭ്യാസത്തിെൻറ പ്രാധാന്യം പറഞ്ഞ് ബോധ്യപ്പെടുത്തി നൽകുമായിരുന്നു മറിയാമ്മ. 

ആധുനിക വിദ്യാഭ്യാസത്തിെൻറ പ്രാധാന്യമെന്തെന്ന് അറബ് സമൂഹത്തിന് നന്നായി അറിയാമിന്ന്. കഴിഞ്ഞയിടെ അന്തരിച്ച കമാലുദ്ദീൻ ഹാജി സ്ഥാപിച്ച ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലും നിരവധി സ്വദേശി വിദ്യാർഥികൾ പഠിക്കാനെത്തിയിരുന്നു. പി.എ. ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിലെ ഗൾഫ് ഏഷ്യൻ സ്കൂളുകളും എല്ലാ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളെയും സ്വീകരിച്ചു.  ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഭവൻസ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും പ്രസ്താവ്യമാണ്.   

 രൂപവത്കരണ കാലത്ത് യു.എ.ഇയിൽ പാഠശാലകൾ ദുർലഭമായിരുന്നു. അറബിയും ഖുർആനും വിദ്യാർഥികൾക്ക് പകർന്നുനൽകാൻ പള്ളികളായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളുകളും കോളജുകളും സർവകലാശാലകളും രാജ്യത്ത് ഉയർന്ന് നിൽക്കുന്നു. അവിടങ്ങളിൽ സ്മാർട്ട് സംവിധാനങ്ങളും റോബോട്ടുകളും ഉപയോഗിച്ചുള്ള അത്യാധുനിക രീതിയിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നു. 
വിദ്യാഭ്യാസ ഗുണനിലവാരം എന്നത് ഇന്ന് യു.എ.ഇയെ സംബന്ധിച്ച് വിട്ടുവീഴ്ചയില്ലാത്ത വാക്കാണ്. സ്വദേശികൾ മാത്രമല്ല വിദേശികളും ഇതിെൻറ ഗുണഫലം അനുഭവിക്കുന്നു. 

മുമ്പ് ഹസ്ബൻറ് വിസയിലെത്തുന്ന സ്ത്രീകൾക്ക് എളുപ്പത്തിൽ തൊഴിൽ കണ്ടെത്താവുന്ന മേഖലയായിരുന്നു സ്കൂളുകൾ. എന്നാൽ, അതിന് മാറ്റം വന്നിരിക്കുന്നു. ഏതെങ്കിലും ബിരുദവുമായി ചെന്നാൽ അധ്യാപകരാകാൻ ഇപ്പോൾ കഴിയില്ല. അതത് രാജ്യങ്ങളുടെ കോൺസുലേറ്റ് വഴി സർട്ടിഫിക്കറ്റ് ജനുവിനിറ്റിക്ക് അയച്ച് പരിശോധിച്ച ശേഷമേ യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് അറ്റസ്റ്റേഷൻ ലഭിക്കൂ. ജനുവിനിറ്റി പരിശോധനക്ക് പുറമെ ഒരു വർഷമായി ‘മോഡ് ഒാഫ് സ്റ്റഡി’ കൂടി ഉറപ്പുവരുത്താനുള്ള നടപടികൾ കൂടി ഉൾപ്പെടുത്തിയതായി അജ്മാൻ അൽ അമീർ സ്കൂൾ പ്രിൻസിപ്പലും ഇന്ത്യയുടെ ദേശീയ പുരസ്കാര ജേതാവുമായ എഫ്.ജെ. ജേക്കബ് വ്യക്തമാക്കുന്നു. പ്രൈവറ്റ് പഠനത്തിലൂടെയാണോ വിദൂര വിദ്യാഭ്യാസം വഴിയാണോ റെഗുലറായാണോ പഠനം എന്നാണ് ഇതിലൂടെ പരിശോധിക്കുന്നത്. പ്രൈവറ്റ് പഠനത്തിലൂടെയോ വിദൂര വിദ്യാഭ്യാസത്തിലൂടെയോ ആണ് ബിരുദം നേടിയതെങ്കിൽ വിദ്യാഭ്യാസ മന്ത്രാലയം തത്തുല്യ സർട്ടിഫിക്കറ്റ് അനുവദിക്കുന്നില്ല. 

ടീച്ചർ ആൻഡ് എജുക്കേഷനൽ ലീഡർഷിപ് സ്റ്റാൻഡേഡ്സ് (ടെൽസ്) ലൈസൻസ് ആണ് യു.എ.ഇയിലെ അധ്യാപകർക്കുള്ള യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. ദുബൈ എമിറേറ്റിലെ അഞ്ച് സ്കൂളുകളിലാണ് ഇതിെൻറ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്.  2021ഒാടെ രാജ്യത്തെ അധ്യാപകർക്ക് ടെൽസ് ലൈസൻസ് ഉണ്ടായിരിക്കുക എന്നതാണ് വൈജ്ഞാനിക^മാനവ വികസന അതോറിറ്റി (കെ.എച്ച്.ഡി.എ)  ലക്ഷ്യം വെക്കുന്നത്. ലൈസൻസ് നേടാനായി തുടക്കത്തിൽ അധ്യാപകരെ മൂന്ന് തവണ പരീക്ഷ എഴുതാൻ അനുവദിക്കും. 

പഠനനിലവാരം കണക്കാക്കാൻ തുടർച്ചയായ പരിശോധനകൾക്ക് അബൂദബി വിദ്യാഭ്യാസ സമിതി (അഡെക്) നേതൃത്വം നൽകുന്നു.  ഉന്നത നിലവാരം (ബാൻഡ് എ) തൃപ്തികരം (ബാൻഡ് ബി), മെച്ചപ്പെടേണ്ടവ (ബാൻഡ് സി) എന്നിങ്ങനെയുള്ള േഗ്രഡുകളിലായാണ് അഡെക് സ്കൂളുകളെ തിരിക്കുന്നത്. ഒാരോ സ്കൂളിെൻറ ഗ്രേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ അഡെകിെൻറ വെബ്സൈറ്റിൽനിന്ന് ലഭിക്കുന്നത് രക്ഷിതാക്കൾക്ക് വളരെയേറെ ഉപകാരപ്രദമാകുന്നു.    
മോശം നിലവാരമുള്ള സ്കൂളുകളിൽ സമിതി വിദ്യാർഥി പ്രവേശനം വിലക്കുകയും ചെയ്യുന്നു. നിലവാരവും ഭൗതിക സൗകര്യങ്ങളും ഉയർത്തിയതിന് ശേഷം മാത്രമേ പിന്നീട് പ്രവേശനം അനുവദിക്കൂ. 

പുതിയ സ്കൂൾ മാതൃകയനുസരിച്ച് പാഠ്യക്രമം മാറിയതിെൻറ അടിസ്ഥാനത്തിൽ 2016ൽ അബൂദബിയിൽ നിരവധി അധ്യാപകരെ പിരിച്ചുവിട്ടിരുന്നു. പാഠ്യക്രമം പരിഷ്കരിച്ചപ്പോൾ അതിന് അനുസൃതമായി മാറാൻ കഴിയാത്ത അധ്യാപകർ അധികപ്പറ്റായെന്നാണ് അന്ന് അഡെക് പിരിച്ചുവിടലിനെ കുറിച്ച് വിശദീകരിച്ചത്. അബൂദബിയിലെ വിദ്യാഭ്യാസ സംവിധാനം ഉടച്ചുവാർക്കുന്നതിെൻറ ഭാഗമായി 2010ലാണ് പുതിയ മാതൃക സർക്കാർ സ്കൂളുകളിൽ അവതരിപ്പിച്ചത്. ഈ മാതൃക പ്രകാരം പാഠ്യക്രമം ഏകീകരിക്കുകയും പകുതിയോളം വിഷയങ്ങളിലെ ക്ലാസുകൾ ഇംഗ്ലീഷിലാക്കാനും 21ാം നൂറ്റാണ്ടിലേക്ക് വിദ്യാർഥികൾക്ക് വേണ്ട കഴിവുകളിൽ ശ്രദ്ധയൂന്നാനും അധ്യാപകരോട് നിർദേശിക്കുകയും ചെയ്തിരുന്നു. ൈപ്രമറി സ്കൂളുകളിൽ തുടങ്ങിയ പുതിയ പാഠ്യക്രമം വർഷാവർഷം ഓരോ േഗ്രഡുകളിലേക്ക് ഉയർത്തിക്കൊണ്ടുവരാനാണ് ലക്ഷ്യമിട്ടത്. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജീനീയറിങ്, കണക്ക് എന്നിവക്ക് പ്രത്യേക ഉൗന്നൽ നൽകി ഹൈസ്കൂൾ പാഠ്യക്രമം പുന$ക്രമീകരിക്കുകയും ചെയ്തിരുന്നു.

യു.എ.ഇയിലെ വിദ്യാഭ്യാസ സംവിധാനം ശക്തമാക്കാൻ ലോകോത്തര നിലവാരത്തിലുള്ള സ്കൂൾ പാഠ്യക്രമം സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി  ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചു. ഇതിെൻറ ഭാഗമായി ഗണിതം, ശാസ്ത്രം വിഷയങ്ങളിലുള്ള പാഠപുസ്തകങ്ങൾ തയാറാക്കാൻ മക്േഗ്രാ ഹിൽ എജുക്കേഷൻ കമ്പനിയുമായി ഏഴ് വർഷത്തെ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. അച്ചടി പുസ്തകവും ഇ– പുസ്തകവും കമ്പനി വിദ്യാർഥികൾക്ക് ലഭ്യമാക്കണം. യു.എ.ഇ ദേശീയ നിലവാര ചട്ടക്കൂടിന് അനുയോജ്യമായ രീതിയിൽ അമേരിക്കൻ നിലവാരത്തിൽ അറബി ഭാഷയിലാണ് പാഠഭാഗങ്ങൾ തയാറാക്കിയിട്ടുള്ളത്.

ഇൗ അധ്യയന വർഷം മുതൽ യു.എ.ഇയിലെ സ്കൂൾ പാഠ്യക്രമത്തിൽ ധാർമിക വിദ്യാഭ്യാസം ഉൾപ്പെടുത്തുകയും ചെയ്തു. ധാർമികത, വ്യക്തത്വ–സാമൂഹിക വികസനം, സംസ്കാരവും പാരമ്പര്യവും, പൗരബോധം, അവകാശങ്ങളും കടമകളും തുടങ്ങി ഭാവിപൗരന്മാരെ രാജ്യത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ വാർത്തെടുക്കാൻ ഉതകുന്ന വിഷയങ്ങളാണ് ധാർമിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിദ്യാർഥികളുടെ സ്കൂൾ പ്രവേശനത്തിലും കർശന നിർദേശങ്ങളാണുള്ളത്. കിൻറർഗാർട്ടനിൽ ചേർക്കുന്ന വിദ്യാർഥികൾക്ക് നാല് വയസ്സ് പൂർത്തിയായിരിക്കണം. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, എമിറേറ്റ്സ് െഎഡി എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. യു.എ.ഇയിലെ ഒരു സ്കൂളിൽനിന്ന് മാറുന്ന വിദ്യാർഥി മറ്റൊരു സ്കൂളിൽ 15 ദിവസത്തിനകം േചർന്നിരിക്കണം. മറ്റൊരു രാജ്യത്തുനിന്നുള്ള സ്കൂളിൽനിന്നാണ് വരുന്നതെങ്കിൽ 30 ദിവസത്തിനകവും പ്രവേശനം നേടണം. കൂടുതൽ ദിവസങ്ങൾ പഠനം മുടങ്ങാതിരിക്കാനാണ് ഇൗ നിബന്ധന. മറ്റൊരു രാജ്യത്തുനിന്ന് വരുന്ന കുട്ടികൾ അതത് സ്കൂളിലെ സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ അധികൃതരിൽനിന്നുള്ള അറ്റസ്റ്റേഷനോടെ ഹാജരാക്കിയാലേ പ്രവേശനം നൽകൂ. രാജ്യത്തെ ഒാരോ സ്കൂളുകളിലെയും കുട്ടികളുടെ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിനുണ്ട്. സ്കൂൾ ഇൻഫർമേഷൻ സിസ്റ്റം (എസ്.െഎ.എസ്) നമ്പറിലൂടെയാണ് ഒാരോ വിദ്യാർഥിയുടെയും വിവരങ്ങൾ ലഭ്യമാകുന്നത്.

വിദ്യാർഥികളുടെ യാത്ര സംബന്ധിച്ചും വലിയ കരുതലാണ് അധികൃതർക്കുള്ളത്. അബൂദബി എമിറേറ്റിൽ കിൻറർഗാർട്ടൻ വിദ്യാർഥികളെ കൊണ്ടുപോകുന്ന ബസുകളിൽ കയറിയ കുട്ടികളെയെല്ലാം യഥാസ്ഥാനത്ത് ഇറക്കിയോ എന്നുറപ്പാക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ കൺേട്രാൾ റൂമിൽ അലാറം മുഴങ്ങുന്നതാണ് സംവിധാനം.

സ്കൂൾ ബസ് ഡ്രൈവർമാരുടെ കാഴ്ച, കേൾവി, രക്തം, ഹെപറ്റൈറ്റിസ് ബി, ഹീമോഗ്ലോബിൻ, വൃക്ക, ഹൃദയം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുന്നതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനാണ്. സ്കൂൾ ബസ് ൈഡ്രവർമാർ അവധി കഴിഞ്ഞ് യു.എ.ഇക്ക് പുറത്തുനിന്ന് വരുമ്പോൾ നിർബന്ധമായും വൈദ്യപരിശോധനക്ക് വിധേയമാകണമെന്നും നിബന്ധനയുണ്ട്. ബസ് ഓപറേറ്റർമാർ സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ മൂന്ന് പോയിൻറ് സീറ്റ് ബെൽറ്റുള്ള ബസുകൾ ഉപയോഗിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മൂന്ന് പോയിൻറുള്ള സീറ്റ് ബെൽറ്റുകൾക്ക് പുറമെ ട്രാക്കിങ് സംവിധാനം, അകത്തും പുറത്തും കാമറകൾ എന്നിവയും സജ്ജീകരിക്കണം. 

അറബ് കുഞ്ഞുങ്ങളെ കണക്കും ശാസ്ത്രവും എളുപ്പത്തിൽ പഠിപ്പിക്കാൻ വീഡിയോ പാഠാവലികൾ തയ്യാറാക്കാനുള്ള പദ്ധതി ഏതാനും ദിവസം മുമ്പ് വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പ്രഖ്യാപിച്ചിരുന്നു.  പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പതിനായിരക്കണക്കിന് പേരാണ് പാഠഭാഗങ്ങൾ തയ്യാറാക്കുന്നതിന് സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നത്. രാജ്യത്തെ മികച്ച അറിവിെൻറ കേന്ദ്രമാക്കാൻ പ്രതിജ്ഞ ചെയ്തിരിക്കുകയാണ് യു.എ.ഇ. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച സ്കൂളുകളും പാഠ്യപദ്ധതിയും അധ്യാപകരും വേണമെന്ന് അവരിനി വാശിപിടിക്കും. കഴിവില്ലാത്തവർ പിന്തള്ളപ്പെടുക തന്നെ ചെയ്യും. പക്ഷെ മികച്ച അധ്യാപകരെ ഇനിയും പട്ടും വളയും നൽകി സ്വീകരിക്കും.

ഭാഗം 6 ഹരിത കേരളം പഠിക്കണം, മരുഭൂമിയിലെ കൃഷിപാഠങ്ങൾ

തയ്യാറാക്കിയത്: സവാദ് റഹ്മാൻ, എസ്.എം. നൗഫൽ, ടി. ജുവിൻ, സലിംനൂർ

COMMENTS