CAREER AND EDUCATION

The first malayalam online portal to get you the information, advice, rules and regulation in Gulf countries

യു.എ.ഇ കുതിക്കട്ടെ, ഒപ്പം നമ്മളും....

  • യു.എ.ഇ മാറുന്നു, മാറണം നമ്മളും - ഭാഗം 7

Click Reporter
08:05AM
07/10/2017

ഭാഗം 1 - യു.എ.ഇ മാറുന്നു, മാറണം നമ്മളും
ഭാഗം 2 - സ്മാർട്ട് ആയില്ലെങ്കിൽ ടൈപ്പിങ് സെൻററുകൾക്ക് അക്ഷരം തെറ്റും
ഭാഗം 3 - ദേര മാർക്കറ്റിലെ പട്ടിണിപ്പൂച്ചകളും പഞ്ചനക്ഷത്ര മീൻമാർക്കറ്റും
ഭാഗം 4 - ഹൈപ്പർ ലൂപ്പിലിരുന്ന്​ സെൽഫിയെടുക്കാനൊരുങ്ങുമ്പോൾ
ഭാഗം 5 - മികവുണ്ടെങ്കിൽ മാഫീ മുശ്കിൽ
ഭാഗം 6 ഹരിത കേരളം പഠിക്കണം, മരുഭൂമിയിലെ കൃഷിപാഠങ്ങൾ

--------------------------------------------------------

ഇൗ കുറിപ്പി​െൻറ തുടക്കത്തിൽ ചേർത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക. അബൂദബിയിൽനിന്ന്​ ​ബ്രിട്ടനിലേക്ക്​ ഉന്നത പഠനത്തിന്​ പോയ ആദ്യ സംഘമാണത്​. പഠനം കഴിഞ്ഞ്​ തിരിച്ചെത്തിയ ഇവരിൽ മിക്കപേരും ഉന്നത ഉദ്യോഗങ്ങളിലും വ്യവസായ സ്​ഥാപനങ്ങളുടെ തലപ്പത്തുമെത്തി. അവരുടെ പിന്മുറക്കാരും ഇൗ കാൽപാടുകൾ പിന്തുടർന്നു. മികച്ച ഉന്നത വിദ്യാഭ്യാസം കരഗതമാവാൻ യൂറോപ്പിലെ കലാലയങ്ങളിലേക്ക്​, കുറഞ്ഞ പക്ഷം ഇന്ത്യയിലേക്കെങ്കിലും പറക്കണമെന്ന അവസ്​ഥയായിരുന്നു ഇവിടെ. എന്നാൽ ഇന്നോ, വൈകുന്നേരം ദുബൈ ഇൻറർനെറ്റ്​ സിറ്റി മെട്രോ സ്​റ്റേഷൻ വഴി പോയാൽ കാണാം ആവേശത്തോടെ, ചുറുചുറുക്കോടെ കടന്നുപോകുന്ന നൂറുകണക്കിന്​ വിദ്യാർഥികളെ.  യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നും ആഫ്രിക്കയിൽനിന്നും വന്നുചേർന്നവരാണ്​ ഭൂരിഭാഗവും. ഒപ്പം സ്വദേശികുട്ടികളുമുണ്ട്​, മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികളും. ഇവിടുത്തെ നോളജ്​ വില്ലേജിലെ വിവിധ കാമ്പസുകളിൽ പഠിക്കുന്നവരാണവർ. 

first foreign scholars from abudhabi
ഇംഗ്ലണ്ടിലേക്ക് പഠിക്കാൻ പുറപ്പെട്ട അബുദാബിയിൽ നിന്നുള്ള ആദ്യ സംഘം
 


പഠന വിജയത്തി​െൻറ സാക്ഷ്യമായ സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ രേഖകളും അടുക്കിപ്പിടിച്ച്​ ജോലി തേടിയിറങ്ങാവുന്ന രാജ്യം മാത്രമല്ല  ഇന്ന്​ യു.എ.ഇ. അന്താരാഷ്​ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകൾ കരസ്​ഥമാക്കാനുള്ള കേന്ദ്രം കൂടിയാണ്​.   ലോകത്തെ പ്രശസ്​തമായ മിക്ക സർവകലാശാലകളുടെയും പഠന​േകന്ദ്രങ്ങൾ ഇന്ന്​ രാജ്യത്തുണ്ട്​. ദുബൈ എമിറേറ്റിലാണ്​ ഇക്കാര്യത്തിൽ ഏറ്റവും വലിയ വളർച്ച​. വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ദുബൈയിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ 15 ശതമാനത്തി​െൻറ വർധനയാണുണ്ടായതെന്ന്​ പാർഥിനോൺ ഗ്രൂപ്പി​െൻറ സർവേയിൽ വ്യക്​തമാക്കുന്നു. ശാസ്​ത്രം, സാ​േങ്കതികവിദ്യ, എൻജിനീയറിങ്​ എന്നിവയിൽ വിവിധ സ്​ഥാപനങ്ങളുടെ ഏറ്റവും കൂടുതൽ കാമ്പസുകൾ പ്രവർത്തിക്കുന്ന രാജ്യമാണ്​ യു.എ.ഇയെന്ന്​ ഹയർ എജുക്കേഷൻ ലാൻഡ്​സ്​കേപ്​ റിപ്പോർട്ടിലും വ്യക്​തമാക്കുന്നുണ്ട്​. 

യു.കെ, യു.എസ്​.എ, ആസ്​ട്രേലിയ, ഫ്രാൻസ്​, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള മുൻനിര സർവകലാശാലകളുടെ കാമ്പസുകൾ യു.എ.ഇയിൽ പ്രവർത്തിക്കുന്നു.  രാജ്യത്തെ വിവിധ സർവകലാശാല കാമ്പസുകളിൽ സ്വദേശികളും വിദേശികളുമായി 162,000 വിദ്യാർഥികളാണ്​ ഉള്ളതെന്നാണ്​ കണക്കാക്കിയിരിക്കുന്നത്​. ഇതിൽ 60,000ത്തോളം വിദ്യാർഥികളും ദുബൈയിലാണ്​.

ദുബൈയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക്​ ഏറ്റവും പുതുതായി കടന്നുവന്ന ബർമിങ്​ഹാം സർവകലാശാല എക്​സ്​റ്റേണൽ റിലേഷൻസ്​ ഡയറക്​ടർ കാത്തി ഗിൽബർട്ടി​െൻറ അഭിപ്രായത്തിൽ ദുബൈയിൽ ആഗോളതലത്തിലുള്ള 100 മികച്ച സർവകലാശാലകളുടെ കാമ്പസുകൾക്ക്​ സാധ്യതയു​ണ്ട്​​. ദുബൈയെ അന്താരാഷ്​ട്ര വിദ്യാഭ്യാസ കേന്ദ്രമാക്കാനുള്ള ഭരണാധികാരികളുടെ ശ്രദ്ധ, ഇംഗ്ലീഷ്​ ഭാഷയെ അടിസ്​ഥാനമാക്കി ലോക നിലവാരത്തിലുള്ള ​പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം, എജുക്കേഷൻ ഫ്രീസോണുകളുടെ രൂപവത്​കരണം എന്നിവയാണ്​ ഇതിന്​ അനുകൂലമായി കാത്തി ഗിൽബർട്ട്​ ചൂണ്ടിക്കാണിക്കുന്നത്​. ദുബൈ ഇൻറർനാഷനൽ അക്കാദമിക്​ സിറ്റി, ദുബൈ ഇൻറർനാഷനൽ ​ൈഫനാൻഷ്യൽ സെൻറർ, ദുബൈ നോളജ്​ പാർക്ക്​, ദുബൈ ഹെൽത്ത്​ കെയർ സിറ്റി, ദുബൈ ഡിസൈൻ ഡിസ്​ട്രിക്​ട്​, ദുബൈ ഇൻറർനെറ്റ്​ സിറ്റി, ദുബൈ മീഡിയ സീറ്റി തുടങ്ങിയവയെല്ലാം ഫ്രീസോണിലാണ്​ പ്രവർത്തിക്കുന്നത്​. പുനരുപയോഗ ഉൗർജ ​ഗവേഷണത്തിൽ പ്രധാന പങ്ക്​ വഹിക്കുന്ന അബൂദബിയിലെ മസ്​ദർ സിറ്റിയും ഫ്രീസോണിലാണ്​. 

ഖലീഫ അവാർഡ്​ ഉൾപ്പെടെ യു.എ.ഇയിൽ ഉന്നത വിദ്യാഭ്യാസത്തിന്​ നിരവധി സ്​കോളർഷിപ്പുകൾ ലഭ്യമാണെന്നത്​ വിദ്യാർഥികളെ  ആകർഷിക്കുന്നതിൽ മുഖ്യ ഘടകമാണ്​. വിവിധ കോഴ്​സുകളിലായി നിരവധി സ്​കോളർഷിപ്പുകൾ അബൂദബി വിദ്യാഭ്യാസ സമിതി (അഡെക്)​ ലഭ്യമാക്കുന്നുണ്ട്​. എളുപ്പത്തിൽ ലഭ്യമാകുന്ന സ്​റ്റുഡൻറ്​ വിസ, ഫാക്കൽറ്റി വിസ എന്നിവയും യു.എ.ഇയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വളർച്ചക്ക്​ കരുത്ത്​ പകരുന്നു. വിദ്യാർഥികൾക്ക് സ്വകാര്യ മേഖലയിൽ ജോലി ചെയ്യാനും പരിശീലനം നേടാനും അനുമതി നൽകി യു.എ.ഇ മാനവ വിഭവശേഷി–സ്വകാര്യവത്കരണ മന്ത്രാലയം കഴിഞ്ഞ വർഷം ജൂലൈയിൽ ഇറക്കിയ ഉത്തരവും രാജ്യത്തേക്ക്​ വിദ്യാർഥികളെ ആകർഷിക്കും. 2009 മുതൽ ദുബൈയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ പ്രതിവർഷം 6.4 ശതമാനം ഉയർച്ചയുണ്ടാകുന്നു. ഇതിന്​ അനുസൃതമായി വിദ്യാർഥികളുടെ താമസയിട നിർമാണവുമായി ബന്ധപ്പെട്ട്​ റിയൽ എസ്​റ്റേറ്റ്​ മേഖലയിലും വലിയ മുന്നേറ്റം സാധ്യമാകുന്നതായി വിലയിരുത്തലുണ്ട്​. 

പരമ്പരാഗത തൊഴിൽ മേഖലയിലുണ്ടാകുന്ന അവസരനഷ്​ടങ്ങളെ പരിഹരിക്കാൻ ഇത്തരത്തിലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ പുതിയ വാതായനങ്ങൾ തുറന്നിടുമെന്ന്​ പ്രത്യാശിക്കാം. ഗവേഷണാടിസ്​ഥാനത്തിലുള്ളതും ഇന്നൊവേറ്റീവ്​ സ്വഭാവത്തിലുള്ളതുമായ തൊഴിലുകൾക്കായിരിക്കും ഇനി യു.എ.ഇയിൽ സാധ്യതയെന്ന്​ ഷാർജ ഇസ്​ലാമിക്​ ബാങ്ക്​ ലേണിങ്​ ആൻഡ്​ കരിയർ ഡെവലപ്​മെൻറ്​ മേധാവി ഡോ. സംഗീത്​ ഇബ്രാഹിം പറയുന്നു. ‘ഇന്നൊവേറ്റീവ്​ ആൻട്രപ്രനർഷിപ്​’ എന്ന സങ്കൽപത്തിലൂന്നിയായിരിക്കും ഭാവിയിലുള്ള തൊഴിൽ നിയമനങ്ങൾ. ഭാവി ഉപഭോക്​താക്കൾക്ക്​ എന്തെല്ലാം സൗകര്യങ്ങളും സേവനങ്ങളും നൽകാൻ കഴിയും എന്നാണ്​ കമ്പനികളും സ്​ഥാപനങ്ങളും ആലോചിക്കുന്നത്​. ആ തരത്തിലുള്ള ചിന്തകൾക്കും ഗവേഷണാടിസ്​ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്കുമായിരിക്കും മുൻഗണന ലഭിക്കുക. ക്രിയാത്​മകമല്ലാത്ത തൊഴിലുകളുടെ സാധ്യതകൾ കുറയുകയാണ്​. ഒരു ബിരുദവും നേടി ഗൾഫ്​ രാജ്യങ്ങളിലെത്തി തൊഴിൽ തേടിപ്പിടിക്കാം എന്ന മനോഭാവത്തിന്​ ഇനി സ്​ഥാനമില്ലെന്നും അദ്ദേഹം ഒാർമപ്പെടുത്തുന്നു. 

കമ്പനികൾ തൊഴിൽനിയമനത്തിൽ വലിയ മാറ്റം വരുത്താൻ പോകുന്നതായി അബൂദബിയിലെ വിദ്യാഭ്യാസ പ്രവർത്തകൻ ബഷീർ പുതുപ്പറമ്പ്​ പറഞ്ഞു. ശമ്പളവും താമസവും മറ്റു ആനുകൂല്യങ്ങളും എന്ന വ്യവസ്​ഥക​േളാടെയുള്ള നിയമനങ്ങൾ ഇല്ലാതാകും. ഇതിന്​ പകരമായി മൊത്തം ഒരു പാക്കേജ്​ എന്ന നിലയിൽ പ്രതിഫലം നിശ്ചയിച്ചായിരിക്കും ഭാവിയിലെ നിയമനങ്ങൾ നടത്തുകയെന്നും അദ്ദേഹം വിലയിരുത്തി.

പുതിയ തൊഴിൽ സാധ്യതകളി​ലേക്ക്​ നിരവധി പഠനങ്ങളും സർവേകളും വിരൽ ചൂണ്ടുന്നുണ്ട്​. 2016ൽ ലിങ്ക്​ഡ്​ഇൻ തയാറാക്കിയ സർവേയിൽ വ്യക്​തമാകുന്നത്​ യു.എ.ഇയിലെ തൊഴിൽ പരിഷ്​കരണത്തിൽ ഏറ്റവും വലിയ സാധ്യതകളായി നിൽക്കുന്നത്​ റോബോട്ടിക്​സ്​, ത്രീഡി പ്രിൻറിങ്​, ഇൻറർനെറ്റ്​ എന്നിവയാണ്​. ആഗോളാടിസ്​ഥാനത്തിൽ ത്രീഡി പ്രിൻറിങ്ങിൽ യു.എ.ഇക്ക്​ 16ാം റാങ്കുണ്ട്​. യു.എ.ഇയിൽ പ്രവർത്തിക്കുന്ന 64 ശതമാനം ത്രീഡി പ്രിൻറിങ്​^ഡിസൈൻ വിദഗ്​ധരും യു.എ.ഇ ആസ്​ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളിൽ തന്നെയാണ്​  ജോലി ചെയ്യുന്നതും. ഇൗ നിലയിൽ കാര്യങ്ങൾ മുന്നോട്ടുപോയാൽ രാജ്യം ത്രീഡി പ്രിൻറിങ്​ പ്രതിഭകളുടെ ഹബ്​ ആയി മാറുമെന്ന്​ തെക്കൻ യൂറോപ്പ്​, മിന മേഖലയിലെ ലിങ്ക്​ഡ്​ഇൻ ടാലൻറ്​ സൊലൂഷൻസ്​ മേധാവി അലി മതാർ പറയുന്നു. കൃത്രിമ ശരീരാവയവ നിർമാണം, ലംബമാന കൃഷി എന്നിവക്കും വിദഗ്​ധർ ഭാവിയിൽ യു.എ.ഇയിൽ ഏറെ സാധ്യത കൽപിക്കുന്നു.

ബദൽ ഉൗർജ മേഖലയിലും വലിയ തൊഴിലവസരങ്ങളുണ്ട്​. ആവശ്യമായ ജീവനക്കാരെ ലഭിക്കാൻ പ്രയാസപ്പെടുകയാണ് ബദൽ ഉൗർജരംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾ. ഈ രംഗത്ത് യോഗ്യരായ പ്രഫഷനലുകളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളുടെ അപര്യാപ്തതയാണ് പ്രധാന പ്രശ്നം. അവസരം മുതലെടുക്കാൻ യൂറോപ്യൻ രാജ്യങ്ങളിലെ പ്രധാന റിക്രൂട്ടിങ് ഏജൻസികൾ ഗൾഫ് മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുണ്ട്​.

സൗരോർജ എൻജിനീയർ, പുനരുപയോഗ ഉൗർജ വിദഗ്ധൻ, ലേസർ ഓപറേഷൻസ്​ ടെക്നീഷ്യൻ, സോളാർ പി.വി േപ്രാജക്ട് മാനേജർ, മൊഡ്യൂൾ നിർമാണ എൻജിനീയർ, വയർ ടെക്നോളജി എൻജിനീയർ തുടങ്ങി പുനരുപയോഗ ഉൗർജമേഖലയുമായി നേരിട്ട് ബന്ധമുള്ള നിരവധി തസ്​തികകളാണ് ഉദ്യോഗാർഥികളെ കാത്തിരിക്കുന്നത്. മേഖലയുമായി നേരിട്ട് ബന്ധമില്ലാത്ത തസ്​തികകളിലും ആയിരങ്ങൾക്ക് തൊഴിൽ ലഭിക്കും.

അന്താരാഷ്​ട്ര പുനരുപയോഗ ഏജൻസിയുടെ (ഐറിന) റിപ്പോർട്ട് പ്രകാരം 2016ൽ ആഗോളതലത്തിൽ 98 ലക്ഷം പേർക്കാണ് സംയോജിത സൗര വൈദ്യുതി മേഖലയിൽ ജോലി ലഭിച്ചത്. 2015നെ അപേക്ഷിച്ച് 1.1 ശതമാനം കൂടുതലാണിത്. സൂര്യപ്രകാശത്തിൽനിന്ന് നേരിട്ട് വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന ഫോട്ടോവോൾട്ടെയ്ക് മേഖലയിലാണ് ഏറ്റവും വലിയ കുതിപ്പുണ്ടായത്. 2015നെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാളുകൾ 2016ൽ ഈ മേഖലയിൽ തൊഴിൽ തേടി. ലോകത്താകമാനം 31 ലക്ഷം പേർക്കാണ് ഫോട്ടോവോൾട്ടെയ്ക് മേഖലയിൽ കഴിഞ്ഞ വർഷം തൊഴിൽ ലഭിച്ചത്. 

2030ഓടെ മൊത്തം ഉൗർജോപഭോഗത്തിെൻറ 30 ശതമാനം പുനരുപയോഗ ഉൗർജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ പ്രവർത്തിക്കുന്നത്. ഇതുവഴി 91,000 തൊഴിലവസരങ്ങളാണ് യു.എ.ഇയുടെ തൊഴിൽ മേഖലയിൽ പ്രതീക്ഷിക്കുന്നതെന്ന് ഐറിന ഡെപ്യൂട്ടി ഡയറക്ടർ റാബിഅ ഫാറൂഖി പറയുന്നു. 

വളച്ചുകെട്ടില്ലാതെ പറയ​േട്ട, കണക്കെഴുത്തിനും ഗുമസ്​തപ്പണിക്കും ഒാഫിസ്​ സഹായത്തി​നുമൊക്കെയായിരുന്നു നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നർ കൂട്ടംകൂട്ടമായി യു.എ.ഇയിലേക്ക്​ വന്നിരുന്നത്​. ഇന്നു കാണുന്ന നിലയിൽ കേരളത്തിൽ വീടുകളും സ്​കൂളുകളും ആരാധനാലയങ്ങളും വിനോദ കേന്ദ്രങ്ങളുമെല്ലാം പടുത്തുയർത്താൻ പങ്കുവഹിച്ച ആ മനുഷ്യരോട്​ നമുക്ക്​ തീർത്താൽ തീരാത്ത കടപ്പാടുണ്ട്​. എന്നാൽ, സ്വദേശിവത്​കരണത്തോടൊപ്പം മെഷീൻ ലേണിങ്ങും ആർട്ടിഫിഷ്യൻ ഇൻറലിജൻസും റോബോട്ടിക്​സും വ്യാപകമാകുന്നതോടെ അത്തരം ജോലികൾ ചെയ്യാൻ ആളുവേണ്ട എന്ന അവസ്​ഥ വരും. 

ഏതാനും വർഷങ്ങൾക്കുള്ളിൽ കഫറ്റീരിയകളിൽ ഷവർമ മുറിക്കാൻ പോലും  റേബോട്ടുകളുണ്ടാവും എന്നു പറഞ്ഞാൽ യു.എ.ഇയെ സംബന്ധിച്ച്​ അതിശയോക്​തിയായിരിക്കില്ല. ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാവണമെന്ന്​  ശപഥം ചെയ്​ത യു.എ.ഇക്ക്​ ഇനി  പാചകപ്പുരയിൽ ഇറച്ചി മുറിച്ചു കൊടുക്കാനും ഒഫീസിൽ ഫയൽ മറിച്ചുകൊടുക്കാനുമല്ല ആളെ ആവശ്യം. അവരുടെ സ്വപ്​ന പദ്ധതികൾ പ്രകാശവേഗത്തിൽ പൂർത്തിയാക്കാനായി  പുകക്കാൻ തയ്യാറുള്ള തലച്ചോറുകളെയാണ്​. 

ലോകത്തിനു മുന്നിലെ യു.എ.ഇയുടെ തലയെടുപ്പായ ബുർജ്​ ഖലീഫയിലേക്ക്​ പോയി മടങ്ങും വഴി ഇൗ അതിശയ ഗോപുരം നിർമിക്കുന്നതിൽ മുന്നിൽ നിന്ന്​ പങ്കുവഹിച്ചവരുടെ ചിത്രങ്ങൾ പതിച്ച കൂറ്റൻ ബോർഡുകൾ കാണാം. രവി കുമാർ പി.എ, കരുമ്പിലേത്ത്​ ജോൺ നൈനാൻ, വിൽസൺ പ​േറാട്ടി ജോസ്​ എന്നീ പേരുകൾ വായിക്കു​േമ്പാൾ ഒാരോ മലയാളിയുടെയും അഭിമാനം ബുർജിൻ മുകളിൽ കയറി ആകാശം തൊടുന്നു.  യു.എ.ഇയുടെ കുതിപ്പിനൊപ്പം എന്നുമുണ്ടായിരുന്നു നമ്മൾ...  രാജ്യം പുതിയ ഉയരങ്ങൾ തേടു​േമ്പാൾ അവിടെയും ഒഴിച്ചുകൂടാനാവാത്ത വിധം സാന്നിധ്യവും സൗമനസ്യവുമായി ഇനിയും നമ്മളുണ്ടാവും. തൊഴിൽ മേഖലകളിൽ മാറ്റമുണ്ടായേക്കും, എന്നിരിക്കിലും  പ്രവാസം അസ്​തമിക്കില്ല, ഗൾഫി​െൻറ സാധ്യതകളും അവസാനിക്കില്ല, പ്രപഞ്ചത്തോളം നീളും അതി​െൻറ കാലാവധി. 

(അവസാനിച്ചു)

തയ്യാറാക്കിയത്​: സവാദ്​ റഹ്​മാൻ, എസ്​.എം. നൗഫൽ, ടി. ജുവിൻ, നവാസ്​ വടകര, സി.കെ. സിറാജുദ്ദീൻ.

COMMENTS