CAREER AND EDUCATION

The first malayalam online portal to get you the information, advice, rules and regulation in Gulf countries

നിശ്​ചയദാർഢ്യത്തി​െൻറ ചിറകിൽ അവരും പറക്കുന്നു പ്രവാസത്തിലേക്ക്​

  • വീൽചെയറിൽ സഞ്ചരിക്കുന്ന രണ്ടു മലയാളികൾ ജോലിക്കായി യു.എ.ഇയിൽ 

സവാദ് റഹ്‌മാൻ
02:38PM
10/09/2017

ദുബൈ: അപകടങ്ങളിൽ പരിക്കു പറ്റി ഇനി​ ജോലി ചെയ്യാനാവില്ല എന്ന സങ്കടത്തോടെ വീൽചെയറിലേറി ഗൾഫിൽ നിന്ന്​ നാട്ടിലേക്ക്​ മടങ്ങിയ നിരവധി പേരെ നമുക്കറിയാം. എന്നാൽ ഒഴുക്കിനെതിരെ നീന്തുകയാണ്​  മലപ്പുറം സ്വദേശികളായ അബ്​ദുൽ ജലീലും (45) മുഹമ്മദ്​ റബീഹും (25). അപകടം പറ്റി വീൽചെയറിലായ ഇരുവരും ജോലി ചെയ്യാനായി നാട്ടിൽ നിന്ന്​ യു.എ.ഇയിലേക്കാണ്​ വന്നത്​. അബൂദബിയിലും ദുബൈയിലുമായി രണ്ട്​ പ്രധാന ആശുപത്രികൾ​ ഇവരെ ഇരുകരങ്ങളും നീട്ടി ജോലിക്കായി സ്വീകരിച്ചു​. ജലീൽ അബൂദബി യൂനിവേഴ്​സൽ ആശുപത്രിയിലും റബീഹ്​ ദുബൈ ആസ്​റ്ററിലും ചേർന്നു. 

ഡോക്​ടർമാർക്ക്​ പറ്റിയ  കൈത്തെറ്റാണ്​ തയ്യൽ ജോലിക്കാരനായിരുന്ന താനൂർ മൂലക്കൽ തടത്തിൽ ജലീലിനെ വീൽചെയറിലിരുത്തിയത്​. 21ാം വയസിൽ ഒരു ഒാപ്പറേഷനിടെ ന​െട്ടല്ലിലെ ഞരമ്പ്​ മുറിഞ്ഞുപോവുകയായിരുന്നു. രണ്ടു വർഷം കിടപ്പിലായി. പിന്നീട്​ മോട്ടർ വെച്ച്​ തയ്യൽ പണി പുനരാരംഭിച്ചു. വീൽചെയറിലായവർ അക്കാലത്ത്​ ചെയ്​തുവന്നിരുന്ന പതിവ്​ തൊഴിൽ മാർഗമായ എസ്​.ടി.ഡി ബൂത്തും നടത്തി നോക്കി. മൊബൈൽ ഫോണുകൾ സർവസാധാരണമായതോടെ അതു നിർത്തി. അതിനിടെ ഫസീന ജീവിതസഖിയായി എത്തി. അൽപകാലം ഒാഹരി വിപണിയിലും ഒരു കൈനോക്കിയെങ്കിലും കൂട്ടുകൂടിയവർ പറ്റിച്ചതോടെ കൈപൊള്ളി പിൻവാങ്ങി. 
 

Rabeeh and Jaleel

കിടപ്പുരോഗികൾക്കും വീൽചെയറിൽ സഞ്ചരിക്കുന്നവർക്കും തൊഴിൽ പരിശീലനവും ശേഷി വികസനവും ഒരുക്കുന്ന പരപ്പനങ്ങാടിയിലെ ഫേസ്​ ഫൗ​ണ്ടേഷൻ ഒഫ്​ ഇന്ത്യയിൽ എത്തിയതാണ്​ ഇപ്പോൾ വഴിത്തിരിവായത്​. കമ്പ്യുട്ടർ ഗ്രാഫിക്​സും ഡിസൈനിങുമെല്ലാം പഠിച്ചതിനൊപ്പം ജീവിതത്തിലും പുത്തൻ നിറങ്ങളും പൂമ്പാറ്റകളും പാറാൻ തുടങ്ങി. ദുബൈയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ പ്രസിഡൻറായ പി.കെ. അൻവർ നഹയാണ്​ ഫേസി​െൻറയും അധ്യക്ഷൻ. അദ്ദേഹത്തി​െൻറ ക്ഷണം സ്വീകരിച്ച്​ അവിടെ സന്ദർശനത്തിനെത്തിയ യൂനിവേഴ്​സൽ ഹോസ്​പിറ്റൽ എം.ഡി. ഡോ. ഷബീർ നെല്ലിക്കോട്​ രണ്ടു പേർക്ക്​ ത​െൻറ സ്​ഥാപനത്തിൽ ​തൊഴിൽ നൽകാൻ തീരുമാനിക്കുകയായിരുന്നു. 

ആശുപത്രിയിൽ കുറെക്കാലം കിടന്നിട്ടുണ്ടെന്നല്ലാതെ ആശുപത്രി ജോലിയിൽ മുൻപരിചയമൊന്നുമില്ലെന്ന്​ ജലീൽ പറയുന്നു. എന്നാൽ ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ ബില്ലിങ്​ ജോലികൾ പിഴവേതുമില്ലാതെ ചെയ്യാൻ കഴിയുന്നുണ്ട്​. ആശുപത്രി എം.ഡിയും മു​തിർന്ന ഡോക്​ടർമാരും സഹപ്രവർത്തകരുമെല്ലാം പൂർണ പിന്തുണ നൽകുന്നുണ്ട്​. 

ആശുപത്രിക്ക്​ അടുത്തു തന്നെ താഴെ നിലയിലായി താമസവും ശരിപ്പെട്ടതോടെ ഭാര്യയോടൊപ്പം പ്രവാസജീവിതം സന്തോഷപൂർവം തുടങ്ങിയിരിക്കുകയാണ്​ ഇദ്ദേഹം. തയ്യൽ ജോലിക്കാലം മുതലേ ഉറ്റ സുഹൃത്തായിരുന്ന സാജുവും കുടുംബവും ഇവിടെ കൂട്ടിനുണ്ട്​. ഇക്കഴിഞ്ഞ പെരുന്നാൾ രാവിൽ അബുദബിയിലെ റോഡുകളിലൂടെ നടത്തിയ സവാരി ശരിക്കും ആസ്വദിച്ചു. ഇന്നലെ ലോക വിസ്​മയങ്ങളിലൊന്നായ ശൈഖ്​ സായിദ്​ ഗ്രാൻറ്​ മോസ്​കൂം സന്ദർശിച്ചു. 

പത്തുവർഷം മുൻപ്​ സൈക്കിളിൽ നിന്നൊരു വീഴ്​ചയാണ്​ വളവന്നൂർ വെട്ടൻ വീട്ടിൽ റബീഹിനെ രണ്ടു വർഷം കിടപ്പിലാക്കിയത്. അങ്ങിനെ കിടന്നുതീർക്കാൻ വയ്യെന്ന്​ ഉറപ്പിച്ച്​ ചികിത്സയും പഠനവുമെല്ലാം തുടങ്ങി. പ്ലസ്​ടു കഴിഞ്ഞു, കാർ ഒാടിക്കാനും പഠിച്ചു. വീൽചെയറിൽ സഞ്ചരിക്കുന്നവരുടെ ബാസ്​കറ്റ്​ ബാൾ മത്സരങ്ങളിലും ഉഷാറായി പ​െങ്കടുത്തു. അതിനിടെയാണ്​ ഫേസ്​ ഫൗണ്ടേഷനിൽ ​ഗ്രാഫിക്​ ഡിസൈനിങ്​ പഠിക്കാൻ ചേർന്നത്​. ഡോ. ആസാദ്​ മൂപ്പ​െൻറ ആസ്​റ്റർ ഗ്രൂപ്പ്​ നടത്തുന്ന കോട്ടക്കൽ മിംസ്​ ആശുപത്രിയിൽ കാൾ സെൻററിലും കസ്​റ്റമർ കെയറിലും രണ്ടു വർഷം ജോലി ചെയ്​തു. ആറു മാസം മുൻപ്​ ജുമാനയുമായി വിവാഹവും നടന്നു. 

വിദേശ ഡെപ്യു​േട്ടഷന്​ പരിഗണിച്ചതോടെ സി.ഇ.ഒ ഡോ. ശർബാസും മറ്റ്​ ഉദ്യോഗസ്​ഥരും പലവട്ടം അഭിമുഖങ്ങൾ നടത്തി. ഒടുവിൽ കഴിഞ്ഞ ദിവസം ദുബൈയിൽ വന്നിറങ്ങി ഇൻഷുറൻസ്​ വിഭാഗം ഒഫീസിൽ ജോലിയും ആരംഭിച്ചു.

വീൽചെയറിൽ സഞ്ചരിക്കുന്നതിന്​ ദുബൈ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളാണ്​ റബീഹിനെ ഏറെ സന്തോഷിപ്പിക്കുന്നത്​. 

ഗ്രീൻ പാലിയേറ്റിവ്​ മനുഷ്യാവകാശ പരിസ്​ഥിതി കൂട്ടായ്​മയുടെ നേതൃത്വത്തിൽ വീൽചെയർ സൗഹൃദ കേരളം എന്ന മുദ്രാവാക്യവുമായി നടത്തിയ മുന്നേറ്റങ്ങളിൽ സഹകരിച്ചിട്ടുള്ള ജലീലും റബീഹും ആദ്യമായാണ്​ വിമാനയാത്ര നടത്തിയത്​. വീൽചെയർ ഉപയോഗിക്കുന്നവർക്ക്​ യാതൊരു പ്രയാസവുമില്ലാതെ സഞ്ചരിക്കാൻ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ ശരിക്കും സന്തോഷിപ്പിച്ചു.   ശാരീരിക വ്യതിയാനങ്ങളുള്ളവരെ പീപ്പിൾ ഒഫ്​ ഡിറ്റർമിനേഷൻ എന്നു വിളിക്കണമെന്നും സമൂഹത്തി​െൻറ ഒന്നാം നിരയിൽ എത്തിക്കണമെന്നും നയമായി സ്വീകരിച്ച യു.എ.ഇ ഒരുക്കിയിരിക്കുന്ന അതിശയങ്ങളെ സമ്പൂർണമായി അനുഭവിച്ചറിയാൻ തന്നെയാണ്​ പുറപ്പാട്​. ഒപ്പം മുൻവിധികളുടെ ചങ്ങല പൊട്ടിച്ച്​ പുതിയ ലോകം തേടാൻ സുഹൃത്തുക്കൾക്ക്​ പ്രേരണയാവണമെന്നും ആഗ്രഹമുണ്ട്​. 

COMMENTS
സവാദ് റഹ്‌മാൻ ‍
CHIEF CORRESPONDENT, GULF MADHYAMAM

മനുഷ്യാവകാശ-മാധ്യമ പ്രവര്‍ത്തകന്‍. ഡവലപ്മെന്‍റ് ഏഷ്യ ജര്‍ണലിസം അവാര്‍ഡ്, വേള്‍ഡ് എഡിറ്റേഴ്സ് ഫോറം അവാര്‍ഡ്, യു.എന്‍.ഡി.പി മാധ്യമ പുരസ്കാരം, എന്‍.എഫ്.ഐ നാഷനല്‍ മീഡിയാ ഫെല്ളോഷിപ്പ്, സി.എസ്.ഇ പരിസ്ഥിതി മാധ്യമ ഫെല്ളോഷിപ്പ് എന്നിവ നേടി.  ഇപ്പോള്‍ ഗള്‍ഫ് മാധ്യമം ദുബൈ  ബ്യൂറോ ചീഫ് കറസ്പോന്‍ഡന്‍റ്

CATEGORY
CAREER AND EDUCATION
TAGS
#WHEELCHAIR #CAREER #SUCCESS #COURAGE #EXPATRIATES