HEALTH AND LIFESTYLE

The first malayalam online portal to get you the information, advice, rules and regulation in Gulf countries

കുവൈത്തിൽ വിദേശികളുടെ ചികിത്സാ നിരക്കുകൾ വർധിക്കും

  • സൗജന്യമായിരുന്ന പല സേവനങ്ങൾക്കും 50 ദിനാർ വരെ ഫീസ് 

  • നടുവൊടിക്കുന്ന നിരക്കുകൾ; ചികിത്സാചെലവ്​ താങ്ങില്ല

Click Reporter
03:42PM
05/08/2017

 
കുവൈത്ത്​ സിറ്റി: കുവൈത്തിൽ വിദേശികളുടെ പുതുക്കിയ ചികിത്സാ നിരക്കുകൾ പ്രഖ്യാപിച്ചു. നേരത്തെ സൗജന്യമായിരുന്ന പല സേവനങ്ങൾക്കും 50 ദീനാർ വരെ ഫീസ് നിർബന്ധമാക്കി. സന്ദർശകർക്കും സ്ഥിരതാമസക്കാർക്കും ഒക്ടോബർ ഒന്ന് മുതൽ നിരക്ക് വർധന ബാധമാക്കാനാണ് ആരോഗ്യമന്ത്രാലയത്തി​െൻറ തീരുമാനം. സ്ഥിരതാമസക്കാരായ വിദേശികളിൽനിന്നും സന്ദർശന വിസയിലെത്തുന്നവരിൽനിന്നും വ്യത്യസ്ത നിരക്കുകളാണ്  ഈടാക്കുക. ആരോഗ്യ ഇൻഷുറൻസ് അടക്കുന്നവരും സ്ഥിരതാമസക്കാരുമായ വിദേശികളുടെ പരിശോധനാ ഫീസ് ക്ലിനിക്കുകളിൽ നേരത്തെ ഒരു ദിനാർ ഈടാക്കിയിരുന്നത് രണ്ട്​ ദിനാർ ആയും ആശുപത്രികളിൽ രണ്ടു ദിനാർ ആയിരുന്നത് അഞ്ചുദീനാർ ആയും വർധിക്കും. ആശുപത്രികളിലെ പ്രത്യേക ഔട്ട് പേഷ്യൻറ്​ ക്ലിനിക്കുകളിൽ പത്തുദീനാർ ആണ് ഫീസ്. ഇതിനു പുറമെ പ്രാഥമിക ലാബ് ടെസ്​റ്റുകൾ റെഗുലർ എക്സ് റേ എന്നിവ ഒഴികെ ഉള്ള എല്ലാ സേവനങ്ങൾക്കും പ്രത്യേക ഫീസ് നൽകേണ്ടിവരും.
ആശുപത്രിയിൽ അഡ്മിറ്റാകുന്നവർ ജനറൽ വാർഡിന്​ ഓരോ ദിവസത്തിനും പത്തു ദീനാർ നൽകണം. 30 ദിനാർ ആണ് പ്രതിദിന ഐ.സി.യു ഫീസ്. നിലവിൽ ഐ.സി.യു ജനറൽ വാർഡ് എന്നിവയിൽ തികച്ചും സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾക്കാണ് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച്  സ്വകാര്യ മുറി (പ്രൈവറ്റ്​ റൂം) ലഭിക്കണമെങ്കിൽ ഓരോ ദിവസത്തിനും 50 ദിനാർ വീതം നൽകുന്നതിന് പുറമെ 200 ദിനാർ കെട്ടിവെക്കുകയും വേണം. 

മാതൃശിശു ആശുപത്രിയിലെ പരിശോധനക്ക് പത്തു ദീനാറും പ്രസവത്തിന്​ മൂന്നുദിവസത്തെ ആശുപത്രി വാസം ഉൾപ്പെടെ അമ്പതു ദീനാറും നൽകണം. 
മൂന്നു ദിവസത്തിൽ കൂടുതൽ ആശുപത്രിവാസം ആവശ്യമാണെങ്കിൽ അധികമുള്ള ഓരോ ദിവസത്തിനും 10 ദീനാർ വീതം നൽകണം. സന്ദർശന വിസയിലുള്ളവർക്കു ക്ലിനിക്കുകളിൽ 10 ദീനാറും ആശുപത്രികളിൽ 20 ദീനാറും സ്‌പെഷ്യൽ ഒ.പി ക്ലിനിക്കുകളിൽ 30 ദീനാറും ആണ് പരിശോധനാഫീസ്. 

ജനറൽ വാർഡിലെ താമസത്തിന്​ 150 ദീനാർ കെട്ടിവെക്കുകയും ഓരോ ദിവസത്തിനും 70 വീതം അടക്കുകയും വേണം. 220 ദീനാറാണ് 

സന്ദർശകവിസയിലുള്ളവരുടെ പ്രതിദിന ഐ.സി.യു ഫീസ്. ചികിത്സ സ്വകാര്യ മുറിയിലാണെങ്കിൽ 130 ദീനാർ പ്രതിദിന വാടകക്ക്​ പുറമെ 300 ദീനാർ കെട്ടിവെക്കുകയും വേണം. ശസ്ത്രക്രിയകൾ മേജർ ആണെങ്കിൽ 500 ദീനാർ നൽകേണ്ടി വരും. മീഡിയം റിസ്ക് വിഭാഗത്തിൽ പെടുന്നതാണെങ്കിൽ 300 ദിനാർ, മൈനർ ആണെങ്കിൽ 250 ദിനാർ എന്നിങ്ങനെയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിലാകുക. 

13 വിഭാഗക്കാരെ ഫീസ്​ വർധനയിൽനിന്ന്​ ഒഴിവാക്കി
കുവൈത്ത്​ സിറ്റി: മാനുഷിക പരിഗണന എന്ന നിലക്ക് 13 വിഭാഗക്കാരെ ആരോഗ്യ സേവന ഫീസ്​ വർധനയിൽനിന്ന് ഒഴിവാക്കിയതായി മന്ത്രാലയം അറിയിച്ചു. 12 വയസ്സിൽ കുറഞ്ഞ കാൻസർ ബാധിതരായ വിദേശ കുട്ടികൾക്ക് എല്ലാവിധ ഫീസിൽനിന്നും ഇളവ് നൽകിയിട്ടുണ്ട്. ഇതിന് പുറമെ സ്വദേശിയുടെ കുവൈത്തിയല്ലാത്ത ഭാര്യ, സ്വദേശിയുടെ കുവൈത്തി പൗരത്വമില്ലാത്ത മാതാവ്, വിദേശിയുമായുള്ള വിവാഹത്തിൽ കുവൈത്തി സ്​ത്രീക്കുണ്ടായ മക്കൾ, അഭയ കേന്ദ്രത്തിലെ അന്തേവാസികൾ, സാമൂഹിക സുരക്ഷാ കേന്ദ്രത്തിലെ അന്തേവാസികൾ, ജി.സി.സി പൗരന്മാർ, ബിദൂനികൾ, രാജ്യത്തെത്തുന്ന ഔദ്യോഗിക സംഘത്തിലെ അംഗങ്ങൾ, ട്രാൻസിസ്​റ്റ് യാത്രക്കാർ, ജയിലുകളിലെ വിദേശ തടവുകാർ, വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ സ്​റ്റൈപെൻറ് വാങ്ങി പഠിക്കുന്ന വിദേശ വിദ്യാർഥികൾ, സർക്കാർ ആശുപത്രികളിലെ പ്രത്യേക മുറികളിൽ വാടക കൊടുക്കാതെ ചികിത്സയിൽ കഴിയുന്നവർ, ഭാര്യമാരും മക്കളുമുൾപ്പെടെ ആരോഗ്യമന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാർ എന്നിവരെ എക്സറേ, അൾട്രാ സ്​കാനിങ്​, റേഡിയേഷൻ ഫീസുകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.


സ്​ഥിര താമസക്കാരായ വിദേശികൾ

ഹെൽത്​ സെൻററുകളിൽ പരിശോധനക്ക്​ : രണ്ടുദീനാർ
കാഷ്വാലിറ്റിയിലെ പരിശോധന  : 5 ദീനാർ
ഒ.പി വിഭാഗത്തിൽ കാണിക്കുന്നതിന് : 10 ദീനാർ
ഒരു ദിവസം സാധാരണ വാർഡിൽ താമസിക്കുന്നതിന് : 10 ദീനാർ
ഒരു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ താമസിക്കുന്നതിന് : 30 ദീനാർ
ഒരു ദിവസം സ്​പെഷൽ റൂമിൽ താമസിക്കുന്നതിന് : 50 ദീനാർ
സ്​പെഷൽ റൂമിെൻറ സെക്യൂരിറ്റി ഫീസ്​ : 200 ദീനാർ
പ്രസവ ആശുപത്രിയിലെ പരിശോധന ഫീസ്​ : 10 ദീനാർ
സാധാരണ പ്രസവം : 50 ദീനാർ
ഹൃദയ ശസ്​ത്രക്രിയയുടെ ഭാഗമായി വാൾവിലെ അടഞ്ഞ ഭാഗം നിർണയിക്കുന്നതിന് : 90 ദീനാർ


സന്ദർശക വിസക്കാർ

ഹെൽത്​ സെൻററുകളിലെ പരിശോധന: 10 ദീനാർ
സർക്കാർ ആശുപത്രിലെ അത്യാഹിത വിഭാഗത്തിൽ കാണിക്കുന്നതിന്: 20 ദീനാർ
ഒ.പി വിഭാഗത്തിലെ പരിശോധനക്ക്: 30 ദീനാർ
ഒരു ദിവസം ജനറൽ വാർഡിലെ താമസത്തിന് : 70 ദീനാർ
തീവ്രപരിചരണ വിഭാഗത്തിൽ ഒരു ദിവസം താമസിക്കുന്നതിന്: 220 ദീനാർ
സ്​പെഷൽ റൂമിൽ ഒരു ദിവസം താമസിക്കുന്നതിന്: 130 ദീനാർ
ജനറൽ റൂമിലെ ഇൻഷുറൻസ്​ ഫീസ്​ : 150 ദീനാർ
സ്​പെഷൽ റൂം സെക്യൂരിറ്റി: 300 ദീനാർ
പ്രസവ ആശുപത്രിയിൽ ഒരു പ്രാവശ്യം കാണിക്കുന്നതിന്: 30 ദീനാർ
സാധാരണ പ്രസവത്തിന് : 400 ദീനാർ


ശസ്​ത്രക്രിയ (സന്ദർശക വിസക്കാർ)
മേജർ ഓപറേഷൻ : 500 ദീനാർ
മിഡിൽ ഓപറേഷൻ : 300 ദീനാർ
മൈനർ ഓപറേഷൻ : 250 ദീനാർ
പ്രത്യേക പരിഗണന വേണ്ട ശസ്​ത്രക്രിയ: 600 ദീനാർ
മൂത്രക്കല്ല് നീക്കുന്ന ശസ്​ത്രക്രിയ : 150 ദീനാർ
സാധാരണ മുറിവുകളിൽ നടത്തുന്ന ശസ്​ത്രക്രിയ: 100 ദീനാർ


ഹൃദയ ശസ്​ത്രക്രിയ (സന്ദർശക വിസക്കാർ)
ഹൃദയ വാൾവിെൻറ അടഞ്ഞ ഭാഗം നിർണയിക്കുന്നതിന്: 700 ദീനാർ
വാൾവിലെ അടഞ്ഞ ഒരുഭാഗം നീക്കുന്നതിന്: 1000 ദീനാർ
ശസ്​ത്രക്രിയ കൂടാതെയുള്ള വാൾവ് മാറ്റത്തിന് : 4500 ദീനാർ
രക്ത ധമനി വെച്ചുപിടിപ്പിക്കുന്നതിന്​: 3000 ദീനാർ
അവയവങ്ങൾ തുന്നിച്ചേർത്ത്​ പിടിപ്പിക്കുന്നതിന്: 2500 ദീനാർ
(ലാബറട്ടറി പരിശോധന, മരുന്ന്, എക്സ്​റേ, ആശുപത്രിയിലെ താമസം തുടങ്ങിയവയുടെ ഫീസ്​ ഇതിൽ ഉൾപ്പെടില്ല) 

COMMENTS